ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
നെടുങ്കണ്ടം: ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനായി കോതമംഗലം രൂപതയുടെ കീഴിൽ 1977ൽ ആരംഭിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ജൂബിലി നിറവിൽ. ഫാ. ജോസഫ് കണ്ണാത്തുകുഴി മാനേജരായും ഫാ. തോമസ് കപ്യാരുമല ഹെഡ്മാസ്റ്ററായും 30 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തിലധികം വിദ്യാർഥികളുള്ള ജില്ലയിലെ മികച്ച ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നാണ്.
സ്കൂളിൽനിന്ന് നാളിതുവരെ പതിനയ്യായിരത്തോളം വിദ്യാർഥികൾ പഠനം പൂർത്തിയാക്കി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലിയും ഹൈസ്കൂൾ വിഭാഗത്തിന്റെ സുവർണ ജൂബിലിയും ഇന്നു മുതൽ നവംബർ 30 വരെ വിപുലമായ പരിപാടികളോടെ നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ എട്ടു മുതൽ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലും നെറ്റ്സ് ടർഫിലുമായി ജൂബിലി സ്പോർട്സ് മീറ്റ് നടക്കും. ഫാ. തോമസ് വട്ടമല ദീപശിഖ തെളിക്കും.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിന് നെടുങ്കണ്ടം എസ്എച്ച്ഒ ലിജോ മാണി സല്യൂട്ട് സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്റർസ്കൂൾ സോഷ്യൽ സയൻസ് ക്വിസ്, തൂഫാൻ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ നാടകം - ഒറ്റ , വിളംബര റാലി, ഫ്ലാഷ് മോബ്, പൂർവവിദ്യാർഥി–അധ്യാപക സമ്മേളനം, ആത്മീയ സംഗമം, സ്കൂൾ വാർഷികം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. തോമസ് വട്ടമല, പ്രിൻസിപ്പൽ ഫാ. ജോൺ ചേനംചിറ, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ഷിഹാബ് ഈട്ടിക്കൽ, യൂനുസ് സിദ്ധിഖ്, അരുൺ അരവിന്ദ്, ഷിജു ഉള്ളിരുപ്പിൽ, ബാബു മാത്യു, ആൻസി സിബി, സൗമ്യ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.